റെയില്‍വേ റിക്രൂട്ട്‌മെന്റ് പരീക്ഷ; വിദൂര സംസ്ഥാനങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ച നടപടിയില്‍ അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണം: ജോൺ ബ്രിട്ടാസ്

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷകള്‍ക്ക് കേരളത്തില്‍ നിന്നുള്ള പരീക്ഷാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ത്തന്നെയുള്ള സെന്ററുകള്‍ അനുവദിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി. വിദൂര സംസ്ഥാനങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ച നടപടിയില്‍ അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RRB NTPC CBT 2 പരീക്ഷകള്‍ മെയ് 9, 10 തീയതികളിലാണ് നടക്കുകയാണ്. കേരളത്തില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അഭ്യര്‍ത്ഥിച്ച പരീക്ഷാര്‍ത്ഥികള്‍ക്ക് നിലവില്‍ ആന്ധ്രാപ്രദേശ് പോലുള്ള വിദൂരസംസ്ഥാനങ്ങളിലാണ് സെന്ററുകള്‍ അനുവദിച്ചിട്ടുള്ളത്. പരീക്ഷയെഴുതാനുള്ള യാത്രയ്ക്കും താമസ സൗകര്യങ്ങള്‍ക്കുമായി ഇവര്‍ വന്‍തുക മുടക്കേണ്ട നിലയാണുള്ളത്. പെട്ടെന്നാണ് പരീക്ഷാ അറിയിപ്പു കിട്ടിയത് എന്നതിനാല്‍ ടിക്കറ്റും മറ്റും കിട്ടാനും പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പരീക്ഷാര്‍ത്ഥികളെ ഇത് ഗുരുതരമായി ബാധിക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഈ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തിപരമായി ഇടപെടേണ്ട പ്രശ്‌നമാണിത്. പരീക്ഷാകേന്ദ്രങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ പുതുക്കി അനുവദിക്കാന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് റെയിൽവേ മന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് എംപി ആവശ്യപ്പെട്ടു.

29-Apr-2022