രാജ്യവും ഭരണഘടനയും അംബേദ്കർ ആശങ്കപ്പെട്ട വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത് : എംബി രാജേഷ്

രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളെക്കുറിച്ചല്ല കടമകളെക്കുറിച്ച് മാത്രമാണ് ചർച്ച ചെയ്യേണ്ടത് എന്ന വാദങ്ങൾ ഉയരുന്നത്, അംബേദ്കർ ആശങ്കപ്പെട്ട വെല്ലുവിളികളെയാണ് സൂചിപ്പിക്കുന്നതെന്ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് . രാജ്യവും അതിന്റെ ഭരണഘടനയും അംബേദ്കർ ആശങ്കപ്പെട്ട വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടനാ നിയമനിർമ്മാണ സഭയുടെ ഡിബേറ്റ്സിന്റെ പരിഭാഷാ പ്രൊജക്ട് നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യവും ഭരണഘടനയും തമ്മിലുള്ള പാരസ്പര്യം ശ്രദ്ധേയമാണ്. ആധുനിക ഇന്ത്യ എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് ഡിബേറ്റ്സിലുണ്ട്. രാഷ്ട്രത്തിനു മുമ്പിൽ മതവിശ്വാസത്തെ പ്രതിഷ്ഠിച്ചാലുള്ള അപകടത്തെക്കുറിച്ച് ഭരണഘടനാ ശിൽപ്പി ഡോ. ബി. ആർ. അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. ആ ആശങ്ക ഇപ്പോൾ നിലനിൽക്കുന്നു. ഡിബേറ്റ്സിന്റെ പകർപ്പ് ഇപ്പോൾ ഇംഗ്ലീഷിലും ഹിന്ദിയിലുമേ ലഭ്യമായിട്ടുള്ളൂ.

ഡിബേറ്റ്സ് ആദ്യമായി പരിഭാഷപ്പെടുത്തുന്ന ഇന്ത്യയിലെ ഭാഷ മലയാളമാണെന്നത് അഭിമാനാർഹമായ കാര്യമാണ്. നിയമവകുപ്പിലെയും നിയമസഭാ സെക്രട്ടേറിയറ്റിലെയും റിട്ടയർ ചെയ്ത ജീവനക്കാരുൾപ്പെടുന്ന ഒരു ടീമാണ് 6457 പേജുകളുള്ള ഭരണഘടനാ നിർമ്മാണ സഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നത്. 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ വർഷത്തിൽ തുടങ്ങി ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വർഷമായ 2025-ന് മുമ്പ് പന്ത്രണ്ടു വാല്യങ്ങളുടെ ഡിബേറ്റ്സ് പ്രസിദ്ധപ്പെടുത്തുകയും വെബ്സൈറ്റിൽ നൽകുകയും ചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നത്.

29-Apr-2022