ലീഗ് നേതാവിന്റെ മകന്‍ ഷാബിന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്ന വാദം പൊളിയുന്നു

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ തൃക്കാക്കരയിലെ ലീഗ് നേതാവിന്റെ മകന്‍ ഷാബിന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്ന വാദം പൊളിയുന്നു. ഷാബിന്‍ യൂത്ത് ലീഗിന്റെ പ്രവര്‍ത്തകനാണെന്ന വസ്തുത മറച്ചുവച്ച് യുഡിഎഫ് നേതാക്കള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

ഷാബിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലീഗ് ബന്ധം വ്യക്തമാക്കുന്നതായും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. തൃക്കാക്കര സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിരോധത്തിലായതോടെ മുഖം രക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഹൈബി ഈഡന്‍ എംപിയും ലീഗ് ജില്ലാ നേതാക്കളും സ്വീകരിച്ച മാര്‍ഗ്ഗമായിരുന്നു മുഖ്യപ്രതി ഷാബിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന പ്രചരണം. എന്നാല്‍ ഷാബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ തന്നെ ചൂണ്ടിക്കാട്ടി മണിക്കൂറുകള്‍ക്കകം ഡിവൈഎഫ്‌ഐ കളളപ്രചാരണം പൊളിച്ചു.

ഷാബിന്‍ യൂത്ത് ലീഗിന്റെ പ്രവര്‍ത്തകനാണെന്ന വസ്തുത മറച്ചുവച്ചാണ് യുഡിഎഫ് നേതാക്കള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മുസ്ലീംലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനുമായ എ എ ഇബ്രാഹിം കുട്ടിയുടെ മകനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്.

52 ലക്ഷത്തിലധികം അംഗങ്ങളുള്ള ഡിവൈഎഫ്യുടെ അംഗത്വത്തില്‍ പോലുമില്ലാത്ത, നാളിതുവരെ ഒരു സമര പ്രക്ഷോഭ ക്യാമ്പയിനുകളിലും പങ്കെടുത്തിട്ടില്ലാത്തയാളാണ് ഷാബിന്‍. ഷാബിനും സുഹൃത്ത് സിറാജുദ്ദീനും തൃക്കാക്കര നഗരസഭയിലെ പ്രധാന കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നവരാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കന്മാര്‍ക്കും യുഡിഎഫ് നേതാക്കന്മാര്‍ക്കുമുള്ള ബന്ധം പുറത്തുവരാന്‍ പോകുന്നുവെന്നതിന്റെ വെമ്പല്‍ മാത്രമാണ് പ്രചരണത്തിന് പിന്നിലെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

29-Apr-2022