വിജയ് ബാബുവിന്റെ പാസ്പോർട്ടും വിസയും റദ്ദാക്കാൻ അപേക്ഷ നൽകാൻ പോലീസ്

ബലാത്സം​ഗ ആരോപണത്തിന് പിന്നാലെ വിദേശത്തേക്കു കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ പൊലീസ്.താരത്തിന്റെ പാസ്പോര്‍ട്ടും വിസയുമടക്കം റദ്ദാക്കാന്‍ അപേക്ഷ നല്‍കും. ഇതിനായി പൊലീസ് എമി​ഗ്രേഷന്‍ വിശദാംശങ്ങള്‍ ശേഖരിച്ചു.

താരത്തിന്റെ വീട്ടിലും ഫ്ളാറ്റിലുമടക്കം പരിശോധന നടത്തി. അതിനിടെ താരത്തിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച അ‍ജ്ഞാത യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെയാണ് വിജയ് ബാബുവില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ യുവതി തുറന്നു പറഞ്ഞത്.

ജോലിയുടെ ഭാ​ഗമായി താരത്തെ കാണാന്‍ എത്തിയപ്പോള്‍ ചുംബിക്കാന്‍ ശ്രമിച്ചു എന്നാണ് വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് പേജിലൂടെ വെളിപ്പെടുത്തിയത്. ഇതാരെന്ന് കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചു. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും. സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് ഫേസ് ബുക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും തയ്യാറെങ്കില്‍ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം.

30-Apr-2022