പിസി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഐഎം

മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പിസി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം രംഗത്ത്. പിസി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും,വര്‍ഗീയത പരത്തുകയാണ് ഈ പ്രസ്താവനയുടെ ലക്ഷ്യമെന്നും സിപിഐഎം വ്യക്തമാക്കി.

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ‘തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി.സി. ജോര്‍ജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്.

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വര്‍ഗീയ വാദികളും ബോധപൂര്‍വ്വമായ പദ്ധതികള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം,’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

 

30-Apr-2022