ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
അഡ്മിൻ
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായി വികെ സനോജ് തന്നെ തുടരും. എസ് ആര്‍ അരുണ്‍ ബാബുവിനെ ട്രഷററായി തെരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ സമ്മേളനത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായാണ് വസീഫ് പ്രവര്‍ത്തിച്ചുവരുന്നത്. വി കെ സനോജ് സംസ്ഥാന സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്ത് അധികനാളാകാത്ത പശ്ചാത്തലത്തിലാണ് സനോജിന് തുടരാന്‍ സമ്മേളനം അനുവാദം നല്‍കിയത്.
എ എ റഹീം സംഘടനയുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു സെക്രട്ടറി സ്ഥാനത്തേക്ക് സനോജിനെ പരിഗണിച്ചത്. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 സംസ്ഥാന കമ്മിറ്റ് അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ നേതൃത്വം. ചിന്താ ജെറോം, കെ യു ജനീഷ് കുമാര്‍, എസ് സതീഷ് എന്നിവര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന സമിതിയില്‍ ആദ്യമായി ഒരു ട്രാന്‍സ് ജെന്‍ഡര്‍ ഉള്‍പ്പെട്ടു എന്ന സവിശേഷതയും ഇത്തവണയുണ്ട്. ലയ മരിയ ജയ്‌സണെയാണ് തെരഞ്ഞെടുത്തത്.