വിദ്വേഷപ്രസംഗം; പി സി ജോർജിന് ഉപാധികളോടെ ജാമ്യം

വിദ്വേഷപ്രസംഗത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത മുൻ എംഎൽഎ പി സി ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

മുസ്‍ലീം തീവ്രവാദികൾക്കുള്ള പിണറായിയുടെ സമ്മാനമാണ് തന്‍റെ അറസ്റ്റെന്ന് ജാമ്യം ലഭിച്ചശേഷം പി.സി ജോർജ് പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എ.ആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഐ.പി.സി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസിൽ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമായിരുന്നു നടപടി. പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.

01-May-2022