'ജന്‍സുരാജ്' പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍
അഡ്മിൻ
കോണ്‍ഗ്രസ് പ്രവേശം നിരാകരിച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പുനരുജ്ജീവനത്തിനായി കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്ച നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ നീക്കം.
ബിഹാറില്‍ നിന്ന് തുടങ്ങുന്നുവെന്നാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ പ്രഖ്യാനം നടത്തികൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. 'ജന്‍സുരാജ്' എന്നത് പുതിയ രാഷ്ട്രീയ പാര്‍ട്ടിയാണോ മറ്റേതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നീക്കമാണോ എന്നതില്‍ വ്യക്തയില്ല. പുതിയ പാര്‍ട്ടിയുടെ ഭാവി തീരുമാനങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
'ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ റോളര്‍കോസ്റ്റര്‍ (വിനോദ തീവണ്ടിപ്പാത) യാത്രയിലേക്ക് നയിച്ചു! യഥാര്‍ത്ഥ മാസ്റ്റേഴ്സിലേക്ക് പോകാനുള്ള സമയമായി.ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്നങ്ങളും നന്നായി മനസ്സിലാക്കാനുള്ള തുടക്കം ബിഹാറില്‍ നിന്നായിരിക്കും', പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.