മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പകപോക്കൽ നടത്തുന്നു: ജിഗ്നേഷ് മേവാനി
അഡ്മിൻ
തനിക്കെതിരായ കേസുകൾക്ക് പിന്നിൽ പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനി . എതിർ ശബ്ദങ്ങളെ ഭയക്കുന്ന മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
വനിത പൊലീസിനെ ഉപദ്രവിച്ചുവെന്ന കേസിലെ എഫ്ഐആർ കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് പോലും ബോധ്യപ്പെട്ടു. കേസ് കൊടുത്ത വനിത പോലീസിനെതിരെ കേസ് കൊടുക്കാൻ തൻറെ സംസ്കാരം അനുവദിക്കുന്നില്ലെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റിട്ടതിനാണ് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ അസം പൊലീസ് രണ്ടാമതും മേവാനിയെ അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഈ കേസിലും ജിഗ്നേഷ് മേവാനിക്ക് ജാമ്യം ലഭിച്ചു.