സുപ്രീം കോടതിയിൽ രാജ്യദ്രോഹ നിയമത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ

രാജ്യദ്രോഹ നിയമത്തെ സുപ്രീം കോടതിയിൽ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കരുത്. രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന 1962 ലെ കേദാർനാഥ് കേസിലെ വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രാമണ്ണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്രം പറയുന്നു.

കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കേദാർനാഥ് കേസ് കോടതി മുൻപ് പരിഗണിച്ചതാണ്, അതിനാൽ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം പറയുന്നു.

രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കാൻ മൂന്നംഗ ബെഞ്ചിന് കഴിയില്ലെന്നും മറുപടിയിൽ പറഞ്ഞു. ചൊവ്വാഴ്ച സുപ്രീം കോടതി വിശാല ബഞ്ച് കേസിൽ വാദം കേൾക്കും.

08-May-2022