സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യവർദ്ധിക്കുന്നു; പൊലീസിന്‍റെ പഠന റിപ്പോർട്ട്

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ വർദ്ധിക്കുകയാണെന്ന് പൊലീസിന്‍റെ പഠന റിപ്പോർട്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ കുട്ടികളിലെ ആത്മഹത്യക്ക് കാരണമാകുന്നില്ലെന്ന് പഠന റിപ്പോർട്ടില്‍ പറയുന്നത്. കുടുംബാഗങ്ങളുടെ നിയന്ത്രണം ഇഷ്ടപ്പെടാത്തതും, മാനസിക സംഘർഷവും, മയക്ക് മരുന്നിന്‍റെ ഉപയോഗവും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് പൊലീസിന്‍റെ പഠന റിപ്പോർട്ട്. കുട്ടികളുടെ ആത്മഹത്യ തടയാൻ 11 ഇന നിർദ്ദേശങ്ങളുമായി ഡിജിപി രംഗത്തെത്തി.

വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുമായി സഹകരിച്ച് അടിയന്തര ഇടപെടൽ നടത്താൻ എസ്പിമാർക്ക് നിർദ്ദേശം നൽകി. മൊബൈൽ ഉപയോഗവും ലഹരി ഉപയോഗവും കുട്ടികളിൽ മാനസിക സംഘർഷത്തിന് കാണമാകുന്നെന്നും പൊലീസിന്‍റെ പഠന റിപ്പോർട്ട് പറയുന്നു.

ഇന്‍റലിജൻസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത് വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഡിജിപി പറഞ്ഞു. 2019 ൽ സംസ്ഥാനത്ത് 230 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2021 ആയപ്പോൾ അത് 345 ആയി. കഴിഞ്ഞ വർ‍ഷം 27.8 ശതമാനം കുട്ടികളുടെയും ആത്മഹത്യക്ക് കാരണം മാനസിക സംഘർഷമാണ്. മൊബൈലിന്റേയും ഇൻരർനെറ്റിന്റേയും ഉപയോഗം രക്ഷിതാക്കളുടെ നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടാതെ 13.9 ശതമാനം വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഉപയോഗം കുട്ടികളുടെ ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തൽ.

സ്കൂളുകളില്‍ കൗണ്‍സിലിംഗ് ആരംഭിക്കണം, രക്ഷിതാക്കൾക്ക് സാങ്കേതിക പരിജ്ഞാനം നൽകിയും പരീക്ഷാ പേടി മാറ്റാൻ പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചും കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ നടപടി സ്വീകരിച്ചും ഈ അവസ്ഥയെ മറികടക്കണമെന്ന നിര്‍ദ്ദേശമാണ് പൊലീസ് മുന്നോട്ട് വയ്കുന്നത്.

08-May-2022