ലൈഫ് ഭവന പദ്ധതി അടിയന്തിര സ്വഭാവത്തിൽ ഏറ്റെടുക്കണം: മന്ത്രി എംവി ഗോവിന്ദൻമാസ്റ്റർ
അഡ്മിൻ
ലൈഫ് ഭവന പദ്ധതി സാമ്പത്തിക വർഷത്തിന്റെ ഒന്നാം ഘട്ടത്തിൽത്തന്നെ അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിർവ്വഹണം ആരംഭിക്കേണ്ട അടിയന്തിര പ്രൊജക്ടുകളിൽ ലൈഫ് ഉൾപ്പെടെയുള്ള പദ്ധതികൾ ഉൾപ്പെടുത്താൻ ചില തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയാതെപോയ സാഹചര്യത്തിലാണിത്.
ലൈഫ് ഭവന പദ്ധതിക്ക് പുറമേ അങ്കണവാടി പോഷകാഹാര വിതരണ പ്രൊജക്ടുകൾ, പാലിയേറ്റീവ് കെയർ പ്രൊജക്ടുകൾ, സ്‌കൂൾ/അംഗണവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള പദ്ധതികൾ എന്നിവയും അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.
സുലേഖാ സോഫ്റ്റ് വെയറിലെ ‘അടിയന്തിര സ്വഭാവങ്ങൾ ഏറ്റെടുക്കുന്ന പ്രൊജക്ടുകൾ- special projects’ എന്ന സൗകര്യം ഇതിനായി ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി ഇല്ലാതെ തന്നെ വെറ്റിംഗ് ഓഫീസറുടെ അംഗീകാരത്തോടെ നിർവ്വഹണ നടപടി ആരംഭിക്കാം. ഇങ്ങനെ ഏറ്റെടുക്കുന്ന എല്ലാ പദ്ധതികളും പിന്നീട് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമാക്കുകയും ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുകയും ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.