പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ അപലപിച്ച് വനിത കമ്മീഷൻ
അഡ്മിൻ
സമസ്തനേതാവ് പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ടത് അപലപനീയമാണെന്ന് വനിത കമ്മീഷൻ. മത നേതൃത്വത്തിന്റേത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത പ്രവൃത്തിയാണെന്നും ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു.
അതേസമയം സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധ നിലപാടിനോട് കോൺഗ്രസിന് യോജിക്കാൻ കഴിയില്ല. വനിതാ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ, വിദ്യാഭ്യാസ മന്ത്രി എന്നിവർ വിഷയത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മദ്രസ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സർട്ടിഫിക്കറ്റ് നൽകുന്നതിനായി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതാണ് ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. സംഘാടകർ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെടുകയായിരുന്നു.
'ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലിൽ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ. രക്ഷിതാവിനോട് വരാൻ പറയ്' എന്ന് അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി പേരാണ് ഇതേ തുടർന്ന് വിമർശനവുമായി രംഗത്തെത്തിയത്. സമസ്ത വിദ്യാഭ്യാസ ബോർഡ് തലവനാണ് അബ്ദുള്ള മുസ്ലിയാർ.