എം.ടി. അബ്ദുള്ള മുസ്ലിയാരോട് ബാലാവകാശ കമ്മീഷന് വിശദീകരണം തേടി
അഡ്മിൻ
പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സമസ്ത സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാരോട് കമ്മീഷന് വിശദീകരണം തേടി. പെരിന്തല്‍മണ്ണ പൊലീസിനോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പെണ്‍കുട്ടിയെ അപമാനിച്ചത് ബാലാവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ് ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.