സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡും പിസ്റ്റല്‍ വിതരണവും മെയ് 21ന്

പരിശീലനം പൂര്‍ത്തിയാക്കിയ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡും എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള പിസ്റ്റല്‍ വിതരണവും മെയ് 21ന് തൃശൂര്‍ എക്സൈസ് അക്കാദമിയില്‍ നടക്കും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. എട്ടാമത് ബാച്ചിലെ 126 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരും 25മത് ബാച്ചിലെ 7 സിവില്‍ എക്സൈസ് ഓഫീസര്‍മാരും സേനയുടെ ഭാഗമാകും.

എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള 60 പിസ്റ്റലുകളുടെ വിതരണവും മന്ത്രി നിര്‍വഹിക്കും. മദ്യ-മയക്കുമരുന്ന് മാഫിയകളില്‍ നിന്നുള്ള വെല്ലുവിളി നേരിടുന്നതിന് എക്സൈസ് വകുപ്പിനെ പൂര്‍ണമായും സജ്ജമാക്കുന്നതിന്‍റെയും ആധുനിക വത്കരിക്കുന്നതിന്‍റെയും ഭാഗമായാണ് നടപടിയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പിസ്റ്റല്‍ വിതരണം രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറ് ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പരിപാടിയാണ്. എക്സൈസ് വകുപ്പിലെ എൻഫോഴ്സ്മെന്‍റ് ചുമതലയുള്ള അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്നീ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് 110 പിസ്റ്റലുകളും 94 റിവോള്‍വറുകളും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഇനിയും ആയുധം ലഭിച്ചിട്ടില്ലാത്ത എന്‍ഫോഴ്സ് മെന്‍റ് ചുമതലയുള്ള അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കാകും അയുധങ്ങള്‍ വിതരണം ചെയ്യുന്നത്.. 2021-22 വര്‍ഷ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപയ്ക്കാണ് 60 എണ്ണം 9 എം എം ഓട്ടോ പിസ്റ്റലുകള്‍ വാങ്ങിയത്.

12-May-2022