തൃക്കാക്കരയിൽ കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി
അഡ്മിൻ
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോൺഗ്രസ്സ് വർഗീയതയോടെ സന്ധി ചെയ്യുന്ന നിലയാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ തോല്പിക്കാൻ ഹീനമായ മാർഗങ്ങൾ അവര്‍ സ്വീകരിച്ചു. നേരിനും ശരിക്കും ചേരാത്ത പ്രചരണം അവരിൽ നിന്നും ഉണ്ടായി. അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായി.
ബിജെപി യും കോണ്ഗ്രസും ഒരുമിച്ചു നീങ്ങുന്ന നിലയുണ്ടായി. പറ്റിപ്പോയ അബദ്ധം തിരുത്താനുള്ള സമയം ഇപ്പോൾ തൃക്കാക്കരയ്ക്ക് കൈവന്നിട്ടുണ്ട്. തൃക്കാക്കരയിൽ ഇടത് സ്ഥാനാര്‍ത്ഥിക്ക് വിജയം നൽകി എൽഡിഎഫിന് സെഞ്ച്വറി അടിപ്പിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന തിരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ക്യാമ്പില്‍ വേവലാതികള്‍ കാണാന്‍ കഴിയുന്നുണ്ട്. രാജ്യം ഗുരുതരമായ പ്രശ്‌നങ്ങളെയാണ് നേരിടുന്നത്. മതനിരപേക്ഷത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് കേന്ദ്രത്തില്‍ നിന്നുണ്ടാകുന്നത്. ഭരണഘടനയെ വിലമതിക്കാത്ത സമീപനം ഭരണാധികാരികളില്‍ നിന്ന് തന്നെ ഉയര്‍ന്നു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യമാകെ ഉറ്റുനോക്കിയതും സ്വാഗതം ചെയ്തതും സുപ്രീം കോടതിയുടെ നിലപാടിനെയാണ്. കോടതി വിധിയെ എല്ലാവരും സ്വാഗതം ചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു. കേന്ദ്ര നിയമമന്ത്രിയുടെ വാക്കുകളാണ് ഇതിന് ഉദാഹരണം. ലക്ഷ്മണ രേഖ മറികടക്കാന്‍ പാടില്ലെന്ന ഭീഷണിയുടെ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നും എല്ലാം തങ്ങള്‍ക്ക് വിധേയമാകണം, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കണം എന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
മതനിരപേക്ഷത തകര്‍ക്കാന്‍ രാജ്യ വ്യാപകമായി ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെ വലിയ രീതിയില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നു. അത്തരം ആക്രമണങ്ങള്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കാനല്ല, മറിച്ച് പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം സന്നദ്ധമാകുന്നത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടാകുന്നു. ആദിവാസി വിഭാഗത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പിന്നില്‍ സംഘപരിവാറാണെന്നും സ്വന്തമായ ഒരു ലോകം സൃഷ്ടിക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.