സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലല്ല; വാര്‍ത്തകള്‍ തള്ളി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ തള്ളി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ശമ്പളം കൊടുക്കുന്നതില്‍ തടസ്സം ഉണ്ടാവില്ലെന്നും അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമാണ് എല്ലാ സംസ്ഥാനങ്ങളുടെയും രക്ഷകര്‍ത്താവ്. വൈരനിര്യാതന ബുദ്ധിയോടെ കേന്ദ്രം പെരുമാറില്ല എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചില ഗൂഢശക്തികളാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍. കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ കടം അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വായ്പ കണക്കുകള്‍ വ്യക്തമാക്കണമെന്നാണ് കേരളത്തോട് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കടമെടുക്കാൻ അനുമതി ലഭിക്കാന്‍ കാലതാമസം തുടര്‍ന്നാല്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനത്തിന് നീങ്ങേണ്ടിവരുമെന്നും വിലയിരുത്തലുണ്ട്..

12-May-2022