ലൈഫ് പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ നിർമ്മാണം പൂർത്തീകരിച്ചു

സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ മറ്റൊരു വാഗ്ദാനം കൂടി അഭിമാനകരമായി പൂർത്തിയാക്കുകയാണ്. സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന പരിപാടിയിൽ 20808 വീടുകളുടെ താക്കോൽ കെെമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 17 ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിൽ നിർവഹിക്കും. അതേസമയം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടേയും താക്കോൽകെെമാറും.

ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന പരിപാടിയിൽ 20,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 20808 വീടുകൾ പൂർത്തീകരിക്കാൻ സാധിച്ചു. സർക്കാരിന്റെ ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി നേരത്തെ 12000 ലൈഫ് ഭവനങ്ങൾ പൂർത്തിയാക്കി താക്കോൽകെെമാറിയിരുന്നു.

ലൈഫ് പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് താമസമാരംഭിച്ചു. 34374 വീടുകൾ നിർമ്മാണഘട്ടത്തിലാണ്. 27 ഭവന സമുച്ചയങ്ങളും നിർമ്മാണത്തിലുണ്ട്. ഇവയിൽ നാലെണ്ണം അടുത്ത മാസത്തോടെ പൂർത്തീകരിക്കും.

14-May-2022