റെയിൽവേയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം: വി ശിവദാസൻ എംപി

റെയിൽവേയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് വി ശിവദാസൻ എംപി. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ആറ് വർഷത്തിനിടെ 72,000-ലധികം തസ്തികകൾ നിർത്തലാക്കിയതായുള്ള വാർത്തകൾ ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു. ഇവയിൽ കൂടുതലും ഗ്രൂപ്പ് സി, ഡി തസ്തികകളാണ്.

16 സോണൽ റെയിൽവേകൾ 2015-16 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 56,888 തസ്തികകൾ സറണ്ടർ ചെയ്തിട്ടുണ്ട്, കൂടാതെ 15,495 എണ്ണം കൂടി സറണ്ടർ ചെയ്യാനുണ്ട്. വടക്കൻ റെയിൽവേ 9,000-ലധികം തസ്തികകൾ സറണ്ടർ ചെയ്തപ്പോൾ സൗത്ത് ഈസ്റ്റേൺ റെയിൽവേ 4,677-ഓളം തസ്തികകൾ ഉപേക്ഷിച്ചു. ദക്ഷിണ റെയിൽവേ 7,524 തസ്തികകളും കിഴക്കൻ റെയിൽവേ 5,700-ലധികവും തസ്തികകൾ നിർത്തലാക്കി. ഇതോടൊപ്പം തന്നെ, റെയിൽവേയിൽ 2,65,547 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന കാര്യവും മുമ്പ് പുറത്ത് വന്നിരുന്നതായും വി ശിവദാസൻ പറഞ്ഞു.

റെയിൽവേ റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട് ബീഹാറും ഉത്തർ പ്രദേശും ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായ പ്രതിഷേധ സമരങ്ങളാണ് അടുത്തിടെയായി നടന്നത്. ആ സമരങ്ങളെയെല്ലാം തന്നെ അതിരൂക്ഷമായ മർദ്ദന മുറകളിലൂടെ ബിജെപി ഭരണകൂടം നേരിട്ടതും നമ്മൾ കണ്ടതാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് റയിൽവേ തസ്തികകൾ വലിയ രീതിയിൽ വെട്ടിക്കുറച്ച വാർത്തകൾ പുറത്ത് വരുന്നത്. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ ആശ്രയമായ റയിൽവേയെ തകർച്ചയിൽ കൊണ്ടെത്തിക്കുവാനും സ്വകാര്യ കുത്തകകൾക്ക് കൈമാറുവാനും ഉള്ള നീക്കത്തിലാണ് യൂണിയൻ സർക്കാർ. ഈ നീക്കം ഉദ്യോഗാർത്ഥികളോടൊപ്പം തന്നെ രാജ്യമാകെയുള്ള പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ മുഴുവൻ ജനങ്ങളും അണിനിരന്നുകൊണ്ട് അതിനെ ചെറുക്കും എന്ന കാര്യത്തിൽ തർക്കമില്ല.

രാജ്യത്തെ യുവജനങ്ങൾ തൊഴിലില്ലായ്മയുടെ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിലവിലുള്ള തസ്തികകൾ പോലും വെട്ടിച്ചുരുക്കുന്ന നിന്ദ്യമായ പ്രവർത്തിയാണ് യൂണിയൻ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് രാജ്യത്താകെയുള്ള യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. നിർത്തലാക്കിയ തസ്തികകൾ പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റയിൽവേ മന്ത്രി, അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതായി എംപി അറിയിച്ചു.

14-May-2022