തൊഴില്‍ അന്വേഷകരെ തേടി സര്‍ക്കാര്‍ വീടുകളിലേക്ക് എത്തുന്നത് രാജ്യത്ത് തന്നെ ആദ്യം: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
അഡ്മിൻ
നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍വേ അവസാനിച്ചു. മെയ് 8ന് രാവിലെ ആരംഭിച്ച സര്‍വേയില്‍ മെയ് 15ന് വൈകിട്ട് 4 മണി വരെ 44ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. അന്തിമ കണക്കുകള്‍ നാളെയോടെ(മെയ് 16) ലഭ്യമാകും. തൃക്കാക്കര തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എറണാകുളം ജില്ലയിലെ സര്‍വേ പിന്നീട് നടക്കും.
പതിനെട്ടിനും 59നും ഇടയില്‍ പ്രായമുള്ള തൊഴില്‍ അന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വളണ്ടിയര്‍മാര്‍ വീടുകളിലെത്തി ശേഖരിച്ചത്. സര്‍വേയ്ക്ക് നേതൃത്വം നല്കിയ കുടുംബശ്രീ എന്യൂമറേറ്റര്‍മാരെ തദ്ദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അഭിനന്ദിച്ചു. തൊഴില്‍ അന്വേഷകരെ തേടി സര്‍ക്കാര്‍ വീടുകളിലേക്ക് എത്തുന്നത് രാജ്യത്ത് തന്നെ ആദ്യമായിട്ടാണെന്നും മന്ത്രി പറഞ്ഞു.
മെയ് 15ന് വൈകിട്ട് 4 മണി വരെയുള്ള കണക്ക് പ്രകാരം 44,07,921 തൊഴില്‍ അന്വേഷകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 59% പേരും സ്ത്രീകളാണ്. 72,735 എന്യൂമറേറ്റര്‍മാര്‍ 65,54,725 വീടുകള്‍ സന്ദര്‍ശിച്ചാണ് വിവരം ശേഖരിച്ചത്. 5,37,936 പേര് രജിസ്റ്റര്‍ ചെയ്ത മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പേര് രജിസ്റ്റര്‍ ചെയ്തത്, 1,41,080 പേര്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ 5,09,051 പേര് 20 വയസിന് താഴെയുള്ളവരാണ്. 21നും 30 നും ഇടയില്‍ പ്രായമുള്ള 24,07,680 പേരും 31നും 40നും ഇടയിലുള്ള 10,35,376 പേരും 41നും 50നും ഇടയിലുള്ള 3,54,485 പേരും, 51നും 56നും ഇടയിലുള്ള 87,492 പേരും 56നും 59നും ഇടയിലുള്ള 13,837 പേരും രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്തവരില്‍ 13,47,758 പേര് ബിരുദ ധാരികളും 4,41,292 പേര് ബിരുദാനന്തര ബിരുദമുള്ളവരുമാണ്.
സര്‍വേയുടെ തുടര്‍ച്ചയായി തൊഴില്‍ ഒരുക്കുന്ന പ്രക്രീയയിലും കുടുംബശ്രീ സുപ്രധാന പങ്ക് വഹിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു. തൊഴിലന്വേഷകരെ കൗണ്‍സില്‍ ചെയ്യാന്‍ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ നിയോഗിക്കും. ഇതിനായി ഷി കോച്ച്സ് സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
15-May-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ