ഇടതു സർക്കാർ നടപ്പിലാക്കിയ പദ്ധതികളിലൂടെ കേരളത്തിൽ ജാതിവ്യവസ്ഥ ലഘൂകരിക്കാനും സാമ്പത്തിക അസമത്വം കുറയ്‌ക്കാനും കഴിഞ്ഞു: മന്ത്രി കെ രാധാകൃഷ്‌ണൻ

ഇന്ത്യയിലെ ജനസംഖ്യയിൽ നാലിലൊന്ന് വരുന്ന ദളിത് വിഭാഗത്തെ ചാതുർവർണ്യത്തിനു കീഴിൽ കൊണ്ടുവരാനാണ് ബിജെപിയും ആർഎസ്എസും നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാൻ ലക്ഷ്യമാക്കുന്നതെന്ന് സംസ്ഥാന പട്ടികജാതി–പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. അടിമകളെപ്പോലെ പണിയെടുപ്പിച്ച്‌ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ അവസരംനൽകാതെ ജാതിമത കെട്ടുകളിൽ തളച്ചിടാനല്ലാതെ അവരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദിവാസികൾക്കും പിന്നാക്കക്കാർക്കും സ്വന്തമായി ഭൂമി എന്ന സ്വപ്നം കേരളത്തിൽ മാത്രമായി ഒതുങ്ങിയപ്പോൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിതരുടെ കൈവശമുള്ള ഭൂമിപോലും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. അടിയാള- മേലാള സംസ്കാരം നിലനിർത്തുകയാണ് ബിജെപി ലക്ഷ്യമാക്കുന്നതെങ്കിൽ അടിയാളവ്യവസ്ഥ ഇല്ലാതാക്കലും ദളിതരുടെയും പിന്നാക്കക്കാരുടെയും ഉന്നമനവും സമൂഹത്തിൽ അന്തസായ ജീവിതസാഹചര്യം ഉറപ്പാക്കലുമാണ്‌ ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഐ എമ്മും ലക്ഷ്യമാക്കുന്നത്.

ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ പദ്ധതികളിലൂടെ കേരളത്തിൽ ജാതിവ്യവസ്ഥ ലഘൂകരിക്കാനും സാമ്പത്തിക അസമത്വം കുറയ്‌ക്കാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

16-May-2022