രാജ്യത്ത്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിത്: ഇപി ജയരാജൻ

നവകേരളം സൃഷ്ടിക്കുള്ള സംസ്ഥാന സർക്കാർ ഇടപെടലുകളിൽ തൃക്കാക്കര ജനതയും പങ്കാളികളാകണമെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. വിലക്കയറ്റം ഉൾപ്പെടെ നാട്‌ നേരിടുന്ന പ്രശ്നങ്ങളെ ചെറുത്ത് പുതിയൊരു കേരളം കെട്ടിപ്പെടുക്കുകയാണ് എൽഡിഎഫ്‌ സർക്കാർ. വികസനത്തിൽനിന്ന്‌ പിന്നോക്കംനിന്ന തൃക്കാക്കരയെ മുന്നിലെത്തിക്കാൻ ഐശ്യര്യ സമൃദ്ധമായ തൃക്കാക്കര കെട്ടിപ്പെടിക്കാൻ എൽഡിഎഫിനൊപ്പം ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിത്. സഹോദര്യം കാത്തുസൂക്ഷിക്കാൻ ശക്തമായ ഇടപെടൽ നടത്തണം. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വ്യാപക ആക്രമണങ്ങൾ അരങ്ങേറുകയാണ്. മതവിദ്വേഷം പ്രചരിപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. മൃതഹിന്ദുത്വ നിലപാട് സ്വീകരിച്ച്‌ ആർഎസ്എസിനെ തലോടുന്ന സമീപനമാണ് കോൺഗ്രസിന്റേത്‌. ഈ ഇടപെടലുകളെ ചെറുക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശക്തിപ്പെടണം. തൃക്കാക്കരയിൽ മുൻസിപ്പാലിറ്റി ഭരണത്തിലും എംഎൽഎയും എംപിയുമെല്ലാം യുഡിഎഫാണ്‌. ഇവരുടെ അനാസ്ഥമൂലം ജനങ്ങൾ ദുരിതത്തിലാണ്‌. മാലിന്യ പ്രശ്നങ്ങളിലടക്കം ഒന്നും ചെയ്യാതെ നോക്കുകുത്തിയാകുകയാണ്‌ യുഡിഎഫ്‌ നേതാക്കൾ.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപ്രവർത്തനങ്ങൾ യുഡിഎഫ് എംഎൽഎൽയോ എംപിയോ മുൻസിപ്പൽ അധികാരികളോ തൃക്കാക്കരയിൽ നടപ്പാക്കുന്നില്ല. അതെല്ലാം തകർക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ നട്ടെല്ലായ കിഫ്‌ബിയെ തകർക്കാൻ യുഡിഎഫ് ശ്രമിച്ചു. മാധ്യമങ്ങളെ കാണുമ്പോ എന്തും വിളിച്ചു പറയാമെന്നാണ്‌ പ്രതിപക്ഷം കരുതുന്നത്‌. നാടിന്റെ വികസനത്തിനൊപ്പം നിൽക്കാൻ എല്ലാവരും തയ്യാറാകണം. യുഡിഎഫിനൊപ്പം നിന്നവർപോലും ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്ത് ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു..

16-May-2022