സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയിട്ടില്ല: റവന്യു മന്ത്രി കെ. രാജന്‍

സംസ്ഥാനത്തെ സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജന്‍. തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ കല്ലിടല്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.ജിയോ ടാഗിംഗ് അടക്കം പുതിയ സാങ്കേതിക വിദ്യകള്‍ക്ക് അനുമതി നല്‍കിയത് സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാനെന്നും വിശദീകരണം നല്‍കിയിട്ടുണ്ട്.‘ഉടമകള്‍ക്ക് സമ്മതമാണെങ്കില്‍ കല്ലിടും. അല്ലെങ്കില്‍ കെട്ടിടങ്ങള്‍ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ച് അടയാളപ്പെടുത്തും,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവര്‍ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല.പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സര്‍വേ നടത്തും. ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും. കേരള റെയിൽവെ ഡെവലപ്മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ മതിലുകൾ എന്നിവടങ്ങളിൽ അടയാളം ഇടാമെന്നും നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.

16-May-2022