കെ സുധാകരനെതിരെ സോണിയയ്ക്ക് പരാതി

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സംസാരിച്ച കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ സോണിയാ ഗാന്ധിക്ക് പരാതി. അന്‍വര്‍ഷ പാലോട് എന്ന വ്യക്തിയാണ് സുധാകരനെതിരെ സോണിയയ്ക്ക് പരാതി നല്‍കിയത്. ഇത് ആദ്യമായല്ല സുധാകരന്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം മുഖ്യമന്ത്രിക്കെതിരെ നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു.

ഇതിന് മുന്‍പും പല തവണ കെ സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ടെന്നും എല്ലായ്‌പ്പോഴും ഇത്തരത്തിലുള്ള സംസാരം കേരളം അംഗീകരിച്ചു തരില്ലെന്നും അന്‍വര്‍ഷ സോണിയയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പി സി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ പൊലീസില്‍പരാതി നല്‍കിയ അതേ വ്യക്തിയാണ് അന്‍വര്‍ഷ പാലോട്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ സുധാകരന്‍റെ ആക്ഷേപം. അയാളെ നിയന്ത്രിക്കാൻ ആരുമില്ല എന്നായിരുന്നു സുധാകരൻ്റെ മറ്റൊരു പരാമർശം.

18-May-2022