ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ചില ഛിദ്രശക്തികള്‍ സംസ്ഥാനത്ത് ശ്രമം നടത്തുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കനത്ത ജാഗ്രത പാലിക്കണമെന്നും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിഘാതമാകുന്ന ഒന്നും നാട്ടില്‍ സംഭവിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ .

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പൊലീസ് വകുപ്പില്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് നവീകരിച്ച ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനം മുഖ്യമന്ത്രി ഓണ്‍ൈനിലൂടെ ഉദ്ഘാടനം ചെയ്തു. വിഐപി ലോഞ്ച് , വിസിറ്റേഴ്സ് റൂം, റിസപ്ഷന്‍ എന്നിവയാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നത്.

ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് നടന്ന പരിപാടി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നവീകരിച്ച കെട്ടിടത്തിന്റെ ഫലകം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അനാച്ഛാദനം ചെയ്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി കെ സുധാകരന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍ കുമാര്‍, നാര്‍കോടിക് സെല്‍ ഡിവൈഎസ്പി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് അഡീഷണല്‍ എസ്പി ഹരിശ്ചന്ദ്ര നായ്ക് സ്വാഗതവും ജി്ല്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് ആലക്കാല്‍ നന്ദിയും പറഞ്ഞു.

18-May-2022