രണ്ടാമൂഴത്തിൽ സർക്കാറിന്റെ ജനപിന്തുണ വർദ്ധിച്ചു: മുഖ്യമന്ത്രി
അഡ്മിൻ
രണ്ടാമൂഴത്തിൽ സർക്കാറിന്റെ ജനപിന്തുണ വർധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇതാണ് വ്യക്തമാക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഉത്തരവാദിത്വം നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിൽവർ ലൈൻ സംബന്ധിച്ച കുപ്രചരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. പദ്ധതിയെ കുറിച്ച് ജനങ്ങളെ പറഞ്ഞു മനസിലാക്കി ജനപങ്കാളിത്തത്തോടെ തന്നെ പദ്ധതി നടപ്പാക്കും. സിൽവർ ലൈൻ വിരുദ്ധർ പദ്ധതിക്കെതിരെ തുടർ സമരം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പോലും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു. ഏറ്റെടുത്ത എല്ലാ കാര്യങ്ങളും നടപ്പാക്കും. അടിസ്ഥാന വികസനത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. - അദ്ദേഹം പറഞ്ഞു.
രണ്ട് നൂറുദിന പരിപാടി പൂർത്തിയാക്കി. ലൈഫ് പദ്ധതിയിൽ 2,95,000 വീടുകൾ പൂർത്തീകരിച്ചു. അടുത്ത മാസത്തോടെ ഇത് മൂന്ന് ലക്ഷമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറു വർഷം കൊണ്ട് 4,7030 പട്ടയം വിതരണം ചെയ്തു. കെ ഫോൺ കണക്ഷൻ 20,750 ഓഫീസുകൾക്ക് നൽകി. ഓരോ മണ്ഡലത്തിലും 100 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകി. സർക്കാർ അധികാരത്തിൽ വന്ന ശേഷം 22,345 പേർക്ക് പിഎസ്‌സി വഴി നിയമന ശിപാർശ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയിൽ ആഭ്യന്തര സഞ്ചാരികൾ 51 ശതമാനം വർധിച്ചു. 1186 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ഏറെക്കാലത്തെ ആവശ്യമായിരുന്ന കെഎഎസ് യാഥാർഥ്യമാക്കി 105 പേർക്ക് നിയമനം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം വർഷത്തിൽ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.",