അടിസ്ഥാന വികസനസൗകര്യ വികസനത്തില്‍ ഒരു വീഴ്ചയും ഉണ്ടാകില്ല: മുഖ്യമന്ത്രി

ഇടതുമുന്നണി പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ കാര്യങ്ങളിലുള്ള കുപ്രചാരണങ്ങള്‍ തുറന്നു കാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന വികസനസൗകര്യ വികസനത്തില്‍ ഒരു വീഴ്ചയും ഉണ്ടാകില്ല. ഏതു തരത്തിലുള്ള എതിര്‍പ്പുകളേയും കുപ്രചരണങ്ങളേയും മറികടക്കാനുള്ള കരുത്ത് ജനങ്ങള്‍ ഈ സര്‍ക്കാരിന് പകര്‍ന്നു നല്‍കുന്നുണ്ട്.

അതുകൊണ്ടാണ് സില്‍വര്‍ ലൈനിനെതിരെ തുടര്‍ സമരങ്ങള്‍ സംഘടിപ്പിച്ച പ്രദേശങ്ങളില്‍ പോലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മികച്ച വിജയം നേടാനായത്. തുടര്‍ന്നും ഈ സഹകരണവും പിന്തുണയും എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ഉണ്ടാകണമെന്നഭ്യര്‍ത്ഥിക്കുന്നു. ആ ഉറപ്പാണ് എല്‍ഡിഎഫിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് പദ്ധതി വരുമ്പോഴും അതിനെതിരായി ഒരു പ്രത്യേക വിംഗ് രംഗത്തെത്താറുണ്ട്. സില്‍വര്‍ ലൈനില്‍ പ്രതിപക്ഷം ഹോല്‍സെയിലായി ഏറ്റെടുത്ത നിലയാണുള്ളത്. കല്ലിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല സമരങ്ങള്‍. അത് പദ്ധതി നടക്കേണ്ടതില്ലെന്ന നീക്കത്തിന്റെ ഭാഗമായിരുന്നു. ഏതായാലും ആ കാര്യത്തില്‍ ഇപ്പോള്‍ വ്യക്ത വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

20-May-2022