പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. ജോര്‍ജ് തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുകയാണ് എന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു.

'തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ നടത്തിയതിന് സമാനമായ പ്രസംഗമാണ് വെണ്ണലയിലും നടത്തിയത്. അത് ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി വ്യക്തമാക്കിയിട്ടും സമാനമായ കുറ്റകൃത്യമാണ് പി.സി ജോര്‍ജ് നടത്തുന്നത്,' എന്നും പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം കോടതി സമാനമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞിരുന്നതല്ലേ എന്ന് പി.സി ജോര്‍ജിന്റെ അഭിഭാഷകരോട് എറണാകുളം സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കവെ ചോദിച്ചിരുന്നു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് പി.സി ജോര്‍ജിന്റെ വാദം.

21-May-2022