സഹോദരന്റെ മരണ വാര്‍ത്തയുടെ താഴെ വന്ന് പോലും തെറി പറയുന്ന തരത്തില്‍ ബ്രിഗേഡുകള്‍ തരം താഴുന്നു: കെ വി തോമസ്
അഡ്മിൻ
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ്. മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം മര്യാദകെട്ടതാണെന്ന വിമർശനം അദ്ദേഹം ഉയർത്തി.
കെ സുധാകരന്‍ നിരന്തരം അധിക്ഷേപ പരാമര്‍ശം നടത്തുന്ന ആളാണ്. സുധാകരനും അദ്ദേഹത്തിന്റെ ബ്രിഗേഡും സോഷ്യല്‍ മീഡിയയിലടക്കം തന്നെ കടന്നാക്രമിച്ചു. തെറി പറയുന്ന ബ്രിഗേഡ് നാടിന് ശാപമാണെന്നും കെ വി തോമസ് ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.
തന്റെ സഹോദരന്റെ മരണ വാര്‍ത്തയുടെ താഴെ വന്ന് പോലും തെറി പറയുന്ന തരത്തില്‍ ബ്രിഗേഡുകള്‍ തരം താഴുന്നുവെന്ന് കെ വി തോമസ് ചൂണ്ടിക്കാട്ടി. അവര്‍ക്ക് വിവേകം നഷ്ടപ്പെട്ടിരിക്കുന്നു. കെ സുധാകരന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ആ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം സ്വയം വിലയിരുത്തണമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.