മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ വീട്ടിലെത്തി പി സി ജോര്‍ജിനെ തേടി പൊലീസ്
അഡ്മിൻ
പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന. വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് സംഘം എത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. എന്നാല്‍ പി സി ജോര്‍ജ് വീട്ടിലില്ലെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ജോര്‍ജ് തിരുവനന്തപുരത്താണ് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വെണ്ണല മത വിദ്വേഷ പ്രസംഗ കേസിലാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. വെണ്ണലയിലെ വിവാദ പ്രസംഗത്തിന് ദിവസങ്ങള്‍ക്ക് മാത്രം മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലും പിസി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
ഇതിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ആ കേസിന്റെ ജാമ്യത്തില്‍ നില്‍ക്കെയാണ് സമാനമായ രീതിയില്‍ അദ്ദേഹം വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. അതേസമയം പിസി ജോര്‍ജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെ പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് കമ്മീഷണറുടെ പ്രതികരണം.