തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ കടവന്ത്ര സ്വദേശി സി.പി ദിലീപ് നായരാണ് ഉമാ തോമസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് എന്‍. നഗരേഷ് പരിഗണിക്കും.
ഭര്‍ത്താവായ മുന്‍ എംഎല്‍എ അന്തരിച്ച പി.ടി. തോമസിന് എച്ച്ഡിഎഫ്‌സി, എസ്ബിഐ ബാങ്കുകളില്‍ വായ്പാ കുടിശികയുണ്ടെന്നും കൊച്ചി നഗരസഭയിലെ ഭൂമിക്ക് നികുതി കുടിശികയുള്ളതും മറച്ചുവച്ചാണ് പത്രിക സമര്‍പ്പിച്ചതെന്നാണ് ഉമാ തോമസ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഭര്‍ത്താവിന്റെ പേരിലുള്ള ആസ്തി ബാധ്യതകള്‍ അദ്ദേഹം മരിച്ചാല്‍ ഭാര്യക്കാണ് വന്നുചേരുകയെന്ന സുപ്രീംകോടതി വിധിയുണ്ട്. ഇതു പ്രകാരം പി.ടി തോമസിന്റെ വായ്പ, കുടിശിക ബാധ്യതകള്‍ ഭാര്യയായ ഉമ തോമസിനാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
ബാലറ്റ് പേപ്പറില്‍ അക്ഷരമാലാക്രമം മറികടന്ന് ഉമയുടെ പേരിന് മുന്‍ഗണന നല്‍കിയെന്നും പരാതി നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ സംഭവത്തില്‍ ഇടപെട്ടിട്ടില്ലെന്നും ദിലീപ് നായര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.