ജനക്ഷേമ സഖ്യത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യ്ത് എല്‍ഡിഎഫ്

തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന ജനക്ഷേമ സഖ്യത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. രാഷ്ട്രീയ ബോധം വച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് നിലപാട് പ്രഖ്യാപിക്കാനുള്ള അവകാശമുണ്ട്. തൃക്കാക്കരയില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളില്ലെന്നതാണ് സത്യം.

ഇത്തവണ എല്‍ഡിഎഫ് സെഞ്ച്വറിയടിക്കും. തൃക്കാക്കരയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരണമെങ്കില്‍ ഇടതുപക്ഷം വിജയിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.

അതേസമയം, ജാതി നോക്കി വീടുകയറുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് പറഞ്ഞ് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. വിഡി സതീശന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രചാരണത്തിനെത്തിയ വീട്ടിലെ ഗൃഹനാഥനെയും കുടുംബത്തെയും അടുത്ത് വിളിച്ച് ഇവര്‍ ഏത് ജാതിയാണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞാണ് മന്ത്രി പ്രതികരിച്ചത്.

22-May-2022