കുത്തബ് മീനാറില്‍ സര്‍വ്വെ നടത്താന്‍ കേന്ദ്ര നിര്‍ദേശം

കുത്തബ് മീനാറിൽ സർവ്വെ നടത്താൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച നടപടികൾ കൈക്കൊള്ളാൻ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയോട് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് ആവശ്യപ്പെട്ടു. ഗ്യാൻവാപി സർവെ വിവാദത്തിനിടയിൽ കുത്തബ് മീനാറിലും സർവെ നടത്താൻ കേന്ദ്ര സാംസ്‌ക്കാരിക വകുപ്പാണ് നിർദേശം നല്കിയത്.

കേന്ദ്ര സംസ്‌ക്കാരിക വകുപ്പു സെക്രട്ടറി ഗോവിന്ദ് മോഹൻ കുത്തബ് മീനാറിൽ ഉദ്യോഗസ്ഥരോടൊപ്പം നടത്തിയ സന്ദർശനത്തിനു ശേഷമാണ് സർവ്വെ നടത്താനുള്ള തീരുമാനമെടുത്തത്. 1991നുശേഷം കുത്തബ്മീനാറിൽ സർവ്വെ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർവ്വെ നടത്താൻ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ, ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ മുൻ മേഖലാ ഡയറക്ടർ കുത്തബ് മീനാർ നിർമ്മിച്ചത് രാജാ വിക്രമാദിത്യയാണെന്നും കുത്തബ്- അൽ- ദിൻ- അയ്ബക്ക് അല്ലെന്നും അഭിപ്രായപ്പെട്ടത്‌വിവാദമായിരുന്നു.

കുത്തബ് മീനാർ വിഷ്ണു സ്തംഭമായിരുന്നുവെന്നും 27 ഹിന്ദു- ജൈന ക്ഷേത്രങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ കൊണ്ടാണ് ഇത് നിർമ്മിച്ചതെന്നും വിഎച്പി വക്താവ് വിനോദ് ബൻസാൽ ആരോപിച്ചിരുന്നു. കുത്തബ് മീനാറിൽ നിന്നും പതിനഞ്ച് മീറ്റർ അകലെ മീനാറെറ്റിലാണ് ഖനനം തടുങ്ങാൻ സാധ്യത.

കുത്തബ് മീനാറിൽ പ്രതിമകൾ, വിഗ്രഹങ്ങൾ എന്നിവ കണ്ടെത്തുന്നതിനാണ് ഖനനം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. കുത്തബ് മിനാറിൽ ഖനനം നടത്തി എത്രയും പെട്ടെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യക്ക് കേന്ദ്രം നല്കിയ നല്കിയ നിർദേശം.

22-May-2022