തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികസനമാണ് ചർച്ചയാകുന്നത്: മുഖ്യമന്ത്രി
അഡ്മിൻ
സംസ്ഥാനത്തിന്റെ പൊതുവായ വികസനപദ്ധതികൾക്കെല്ലാം യുഡിഎഫും കോൺഗ്രസും എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം മുടക്കികളെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണ്. ദേശീയപാത വികസനത്തിൽ യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയ്‌ക്ക് സംസ്ഥാനം പിഴയടയ്‌ക്കുകയാണ്. വികസനകാര്യത്തിൽ ദേശീയ-അന്തർദേശീയ തലത്തിൽ അംഗീകാരം നേടാൻ കേരളത്തിനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ യുഡിഎഫിലെ ചില നേതാക്കൾക്ക് അതുമായി പൊരുത്തപ്പെടാനാകുന്നില്ല. എങ്ങനെ ഈ മുന്നേറ്റം തടയാമെന്നാണ് എക്കാലത്തും അവരുടെ ആലോചന. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, ഇവിടെ ഒന്നും നടക്കില്ലെന്ന നിരാശാബോധത്തിലായിരുന്നു ജനം. ദേശീയപാത വികസനത്തിന് എൻഎച്ച്‌എഐയാണ് പണം മുടക്കുന്നത്. യുഡിഎഫ് സർക്കാരിൽനിന്നുണ്ടായ ദുരനുഭവങ്ങൾമൂലം കേരളത്തിൽ അതിന് എൻഎച്ച്‌എഐ തയ്യാറായില്ല. 25 ശതമാനം തുക കേരളം മുടക്കേണ്ടിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമിയേറ്റെടുക്കാൻ 5000 കോടി രൂപ സംസ്ഥാനം ചെലവഴിച്ചു. അതിന് കാരണക്കാർ യുഡിഎഫാണ്. യുഡിഎഫ് സർക്കാർ നടപ്പാക്കാതിരുന്ന ദേശീയപാത വികസനവും ഗെയിൽ പൈപ്പുലൈനും കൊച്ചി–ഇടമൺ പവർ ഹൈവേയും എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ് നടപ്പാക്കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികസനമാണ് ചർച്ചയാകുന്നത്. സംസ്ഥാനത്താകെ നടപ്പായിക്കൊണ്ടിരിക്കുന്ന വികസനപദ്ധതികളുടെ പശ്‌ചാത്തലത്തിൽ തൃക്കാക്കരയുടെ ഭാവിവികസനവും ചർച്ചയാകുന്നു.
വികസനത്തിനൊപ്പം നിൽക്കുന്നവരാണോ എതിർക്കുന്നവരാണോ തൃക്കാക്കരയുടെ പ്രതിനിധിയാകേണ്ടത് എന്നതാണ് പ്രധാന ചോദ്യം. എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന വികസനത്തിനൊപ്പം തൃക്കാക്കരയെ നടത്താനുള്ള പ്രതിനിധിയായി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.