ദിലീപിന് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായാണ് ബന്ധം എന്ന് ജനങ്ങള്‍ക്ക് അറിയാം: ഇപി ജയരാജൻ
അഡ്മിൻ
അതിജീവിതയെ യുഡിഎഫ് ഉപയോഗപ്പെടുത്തുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ദിലീപിന് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായാണ് ബന്ധം എന്ന് ജനങ്ങള്‍ക്കറിയാം. ഒരു കേസിലും സര്‍ക്കാര്‍ വഴിവിട്ട് ഇടപെടില്ലെന്നും ഇ.പി. തുടരന്വേഷണം തിടുക്കപ്പെട്ട് അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് നടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രതികരണം.
''തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഇങ്ങനെ പലതും കാണും. പലരെയും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കും. തെറ്റായ മാര്‍ഗങ്ങളിലൂടെ യു.ഡി.എഫ് സഞ്ചരിക്കും. യു.ഡി.എഫ് ഏത് വൃത്തിക്കെട്ട മാര്‍ഗങ്ങളും സ്വീകരിക്കും,''എന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞത്.
ഇ.പി ജയരാജന്റെ വാക്കുകള്‍
ഇടതുപക്ഷ ജനാധിപത്യ മുന്നണി കോണ്‍ഗ്രസിനെ പോലെ അഭിപ്രായം മാറികൊണ്ടിരിക്കുന്ന മുന്നണിയല്ല. സ്ത്രീ സുരക്ഷ ഇടതുപക്ഷ ജനാധിപത്യമുന്നണി രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന നടപടിയാണ്. രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുക, കുട്ടികളെ സംരക്ഷിക്കുക ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതൊക്കെ ഞങ്ങളുടെ നയങ്ങളാണ്.
ഇതിലെ പ്രതികളും അവരുടെ രാഷ്ട്രീയവും ജനങ്ങള്‍ മനസിലാക്കും. അതൊന്നും ജെന്റില്‍മാന്‍ പൊളിറ്റ്ക്‌സ് അല്ല എന്നതുകൊണ്ട് പറയുന്നില്ല. ദിലീപും ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടാണ് ബന്ധമെന്ന് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് അറിയാമല്ലോ. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഏത് വൃത്തികേടും പ്രചരിപ്പിക്കുന്നവരാണ് യു.ഡി.എഫ്. കോടതി കൈകാര്യം ചെയ്യുന്ന വിഷയം നല്ല രീതിയില്‍ തന്നെ കോടതി കൈകാര്യം ചെയ്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
യുഡിഎഫിനെ പോലെ ഇരയെ വേട്ടയാടുന്നവരല്ല ഞങ്ങള്‍. യുഡിഎഫ് വൃത്തിക്കെട്ട രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി അപവാദം പ്രചരിപ്പിക്കുകയാണ്. ഒരു കേസിലും സര്‍ക്കാര്‍ ഇടപെടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. യു.ഡി.എഫ് അല്ല എല്‍.ഡി.എഫ്. ഞങ്ങള്‍ ഉന്നത നിലവാരം കാത്തു സൂക്ഷിച്ചേ പ്രവര്‍ത്തിക്കൂ.