എന്തും വിളിച്ചുപറയാനുളള നാടല്ല ഇതെന്ന് മുഖ്യമന്ത്രി

എന്തും വിളിച്ചുപറയാനുളള നാടല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിലാണ് പി.സി ജോർജ് സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നീചമായ വാക്കുകളാണത്. അതുകേട്ടപ്പോൾ സംഘ്പരിവാറിന് അമിത സന്തോഷം. എന്നാൽ ഇത് കേരളമാണെന്നും ഭരിക്കുന്നത് എൽഡിഎഫ് ആണെന്നും ഓർക്കണം. എന്തും വിളിച്ചുപറയാനുള്ള നാടല്ല ഇത്.

തിരുവനന്തപുരത്ത് കടുത്ത മതസ്പർധ വളർത്തുന്ന പ്രസംഗത്തിൽ പൊലീസ് ഒരു സമ്മർദവും പരിഗണിക്കാതെ അറസ്റ്റ് ചെയ്തു. എന്നാൽ ചിലതിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് പറയുന്നതുപോലെ പി.സി ജോർജ് അതേ പരാമർശം ആവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു. അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കടുത്ത മത വിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിച്ചു. പൊലീസ് കേസ് എടുത്തു. മുദ്യാവാക്യം വിളിച്ച കുട്ടിക്ക് അതിന്‍റെ ആപത്ത് അറിയില്ല. കുട്ടിയെ ചുമലിൽ എറ്റിയ ആളെ അറസ്റ്റ് ചെയ്തു. പരിപാടിയുമായി ബന്ധപ്പെട്ടവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കള്ള പ്രചാരവേലകൾ ഒന്നിന് പുറകെ ഒന്നായി വരുന്നു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. ആക്രമണങ്ങൾ ബോധപൂർവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

25-May-2022