കോൺഗ്രസ്സ് സൈബർ സംഘത്തിനെതിരെ ഇടതു മുന്നണി പോലീസിൽ പരാതി നൽകി : ഡിവൈഎഫ്ഐ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥി ഡോ: ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരണം കോൺഗ്രസ് കാലാകാലങ്ങളായി പയറ്റി തെളിഞ്ഞ നെറികെട്ട രാഷ്ട്രീയത്തിന്റെ സ്വതസിദ്ധമായ തിരഞ്ഞെടുപ്പ് പ്രചാരണ വേലകളിൽ ഒന്ന് മാത്രമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

തോൽവി തിരിച്ചറിഞ്ഞ കോണ്ഗ്രസ് പാർട്ടി തങ്ങളുടെ സൈബർ ക്രിമിനൽ സംഘത്തെയാണ് എൽഡിഎഫ് സ്ഥാനാർഥിക്കെതിരായ സ്വഭാവ ഹത്യയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ആരുടെയോ അശ്ലീല വീഡിയോ ഉപയോഗിച്ച് ഒരു തിരഞ്ഞെടുപ്പ് മുറ്റത്ത് എതിർ സ്ഥാനാർത്ഥിയെ നേരിടാനൊരുങ്ങുന്ന യുഡിഎഫ് - ന്റെ അവസ്ഥയോർത്ത് വിമർശകർക്ക് പോലും ലജ്ജ തോന്നേണ്ടതാണ്.

നിർമ്മിത കള്ളങ്ങൾക്ക് ആവോളം ചാനൽ മുറികൾ നൽകി സഹായിക്കുന്ന വലതു പക്ഷ മാധ്യമങ്ങൾ യു.ഡി.എഫിന്റെ ഈ നീചമായ അശ്ലീല പ്രചരണം കണ്ടില്ലെന്ന് നടിച്ചു തങ്ങളുടെ ഇടത് വിരുദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം വീടാക്രമിക്കുകയും കള്ള കഥകൾ മെനഞ്ഞു ആശുപത്രി വാസവുമനുഷ്ടിക്കുകയുമൊക്കെ ചെയ്ത് ശീലിച്ച നേതാക്കൾ ഇപ്പോൾ മര്യാദയുടേയും രാഷ്ട്രീയ നൈതികതയുടേയും സകല സീമ കോണ്ഗ്രസ്കളും ലംഘിച്ചു കൊണ്ടുള്ള പ്രചാരണത്തിലാണ് കടന്നിരിക്കുന്നത്.

ഈ അപവാദ പ്രചരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ്സ് സൈബർ സംഘത്തിനെതിരെ ഇടതു മുന്നണി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശയങ്ങളും രാഷ്ട്രീയവും ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ് വേദിയിൽ ഇത്രയും അധമവും ഹീനവുമായ വ്യക്തി ഹത്യാ പ്രചരണം നടത്തുന്ന യു. ഡി. എഫ് മുന്നണി ആശയം നഷ്ടപ്പെട്ട് തോൽവി ഭയക്കുന്ന ക്രിമിനൽ കൂട്ടം മാത്രമായി അധഃപതിച്ചിരിക്കുകയാണ്. തൃക്കാക്കരയിലെ പ്രബുദ്ധ ജനങ്ങൾ ബാലറ്റു പേപ്പറിലൂടെ ഈ നെറികേടിന് മറുപടി നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

25-May-2022