നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചാണ് കൂടിക്കാഴ്ച . കൂടിക്കാഴ്ചയില്‍ കേസ് അന്വേഷണത്തിൻറെ ഗതിയിലുള്ള ആശങ്ക നടി മുഖ്യമന്ത്രിയെ നേരിട്ടറിയിക്കും.
നടിക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം പിണറായി വിജയന്‍ അതീജീവിതയ്ക്ക് ഉറപ്പ് നല്‍കുമെന്നാണ് വിവരം. അതേ സമയം നടി പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ തള്ളി. നടിയുടേത് അനാവശ്യ ആശങ്ക മാത്രമാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.
അന്വേഷണം നിലച്ചതോടെ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. പ്രതിഭാഗം കേസിൽ കക്ഷിയല്ലാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. കേസിൽ രണ്ട് ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.