മുഖ്യമന്ത്രിയുടെ വാക്കില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് അതിജീവിത

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയെന്ന് അതിജീവിത. മുഖ്യമന്ത്രിയുടെ വാക്കില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സംതൃപ്തയാണെന്നും അതിജീവിത പറഞ്ഞു. സെക്രട്ടറിയേറ്റില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അതിജീവിതയുടെ പ്രതികരണം.

എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചെന്ന് അതിജീവിത പറഞ്ഞു. വിമര്‍ശനങ്ങളെ കുറിച്ച് പ്രതികരിക്കാനോ ആരുടെയും വായടപ്പിക്കാനോ ഇല്ല. സര്‍ക്കാരിനെതിരെ ഒന്നും സംസാരിച്ചിട്ടില്ല. കോടതിയിലെ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചെന്നും അതിജീവിത പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സമയ പരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജഡ്ജി സിയാദ് റഹ്‌മാന്‍ അറിയിച്ചു. മെയ് 30-നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്.

അതിജീവിതയുടെ ഭീതി അനാവശ്യമെന്നാണ് സര്‍ക്കാര്‍ കോടതിയിയെ അറിയിച്ചത്. മുഖ്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് വിശദമായ അന്വേഷണം വേണമെന്ന് പറഞ്ഞ കേസാണിതെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നോട്ടില്ല. കൃത്യമായി മുന്നോട്ട് പോകുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഈ വേളയില്‍ ആവശ്യമെങ്കില്‍ വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വിളിച്ച് വരുത്താമെന്ന് ഹൈക്കോടതി പറഞ്ഞു.

26-May-2022