അതിജീവിതയെ വേട്ടയാടാൻ ശ്രമിക്കുന്നത് സതീശനും യുഡിഎഫും: ഇ.പി ജയരാജൻ

അതിജീവിതയെ വേട്ടയാടാൻ ശ്രമിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡിസതീശനും യുഡിഎഫുമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ ഉയർന്ന് ചിന്തിക്കണമെന്നും സർക്കാർ നീതി നൽകിയെന്ന് അതിജീവിത പറഞ്ഞുകഴിഞ്ഞുവെന്നും ഇ.പി ജയരാജൻ കൊച്ചിയിൽ പറഞ്ഞു.

അതിജീവിതക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും യുഡിഎഫ് സ്ത്രീകളെ വേട്ടയാടുകയാണെന്നും പറഞ്ഞ ഇപി, യുഡിഎഫിന്റെ അധപതനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞു. നാടിന്റെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് ഇപി പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്ക് എതിരെ അക്രമങ്ങൾ അനുവദിക്കില്ല. വിഡി സതീശനാണ് അതിജീവിതയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറയേണ്ടത്. യുഡിഎഫിന്റെ വൃത്തികെട്ട പ്രചാരണത്തിനെതിരെ അതിജീവിത തന്നെ രംഗത്ത് വന്നു. ഇരയെ വേട്ടയാടാനാണ് സതീശനും കൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. ഡിജിപിയെയും ക്രൈം എഡിജിപിയെയും അദ്ദേഹം വിളിച്ചുവരുത്തി. സെക്രട്ടറിയേറ്റിൽ ഡെബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത എത്തിയത്.

26-May-2022