ഡോ.ജോ ജോസഫിന്റെ വ്യാജവീഡിയോ; തൃക്കാക്കരയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു

തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ.ജോ ജോസഫിനെ വ്യാജ വീഡിയോ ഉണ്ടാക്കി അപമാനിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിലായി. പാലക്കാട് സ്വദേശി ശിവദാസൻ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാൾ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ തൃക്കാക്കരയിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികൾ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കിൽ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പ്രചാരണം മുറുകുന്നതിനിടെ തൃക്കാക്കരയിലെ പ്രധാന ചർച്ച ജോയ്‌ക്കെതിരായ വ്യാജ അശ്ലീല വീഡിയോ ആയിരുന്നു. പ്രചാരണത്തിന് പിന്നിൽ യുഡിഎഫാണെന്ന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു. സൈബർ ആക്രമണത്തിനെതിരെ ജോയുടെ ഭാര്യ ദയാ പാസ്‌ക്കൽ പ്രതികരണവുമായെത്തി.

'ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല.കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ..?' ദയാ പാസ്‌ക്കൽ ചോദിക്കുന്നു.

27-May-2022