പി.സി ജോർജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്
അഡ്മിൻ
പി സി ജോർജിൻറെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്. നാളെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകി. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാൻ നാളെ 11 മണിക്ക് ഹാജരാകണം. പി സി ജോർജ് നാളെ തൃക്കാക്കരയിൽ പോകാനിരിക്കെയാണ് പൊലീസ് നീക്കം.
വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി സി ജോർജ് ബിജെപിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു അറിയിച്ചിത്. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകൻറെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നായിരുന്നു പി സി ജോർജ് ഇന്നലെ പറഞ്ഞത്.
അതേസമയം, പി സി ജോർന് ഹൈക്കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും മറിച്ചായാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.