ഇന്ന് ശാസ്‌ത്രത്തിലും ദർശനങ്ങളിലും തീവ്ര മതാത്മകതയുടെ കൈകടത്തലുണ്ടാകുന്നു: മുഖ്യമന്ത്രി
അഡ്മിൻ
ബഹുസ്വരതയുടെ അടിസ്ഥാനം തകർത്ത് ശാസ്‌ത്രവിരുദ്ധത അടിച്ചേൽപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മതഗ്രന്ഥത്തിലുള്ളതാണ് ശാസ്‌ത്രത്തിലുള്ളതെന്ന് പ്രചരിപ്പിച്ച് ശാസ്‌ത്രപ്രതിഭകളെയും യുക്തിയെയും അവഹേളിക്കുകയാണ്. ഭരണഘടനാപദവിയിലുള്ളവർ മതാത്മകമായ അവകാശവാദങ്ങളെ അന്ധമായി പിന്തുണയ്ക്കുന്നു. ഇത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന പ്രസ്ഥാനവും അത് തൊടുത്തുവിട്ട മുന്നേറ്റങ്ങളുമാണ് ബഹുസ്വരതയുടെ അടിസ്ഥാനം. രാജ്യത്ത് വളരെക്കാലം മുമ്പേ ശാസ്‌ത്ര, ആത്മീയ ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിരുന്നു. ഒന്നിനെ അടിച്ചമർത്താൻ മറ്റൊന്ന് ശ്രമിച്ചിരുന്നില്ല. എന്നാൽ, ഇന്ന് ശാസ്‌ത്രത്തിലും ദർശനങ്ങളിലും തീവ്ര മതാത്മകതയുടെ കൈകടത്തലുണ്ടാകുന്നു. ജനിതകശാസ്‌ത്രം, പ്ലാസ്‌റ്റിക് സർജറിയുമെല്ലാം പൂർവസംസ്‌കൃതിയുടെ ഉൽപ്പന്നമാണെന്ന് ഉത്തരവാദിത്വപ്പെട്ടവർ പ്രസ്താവിക്കുന്നു. ഇത്തരം പ്രതിസന്ധികളെ അതീജീവിച്ചാണ് ശാസ്‌ത്രപ്രചാരണദൗത്യം ഏറ്റെടുക്കേണ്ടത്.തെന്നും അദ്ദേഹംആവശ്യപ്പെട്ടു .
ശാസ്‌ത്രത്തെ മാനവിക പുരോഗതിക്ക് ഉപയോഗിച്ച് വികസിത സമൂഹം സൃഷ്ടിക്കാനുള്ള പ്രായോഗിക പദ്ധതികൾ സർക്കാർ നടപ്പാക്കുമ്പോൾ അതിനെ തടയാൻ ശാസ്‌ത്രത്തിന്റെ കപടമൂടുപടമിട്ട സ്ഥാപിതതാൽപ്പര്യക്കാർ ശ്രമിക്കുന്നു. ഏതുവികസനവും ശാസ്‌ത്രത്തിനെതിരാണെന്ന് വാദിക്കുന്നു. ശാസ്‌ത്ര സാങ്കേതിക വികാസത്തെ ജനോപകാരപ്രദമായി വിനിയോഗിക്കേണ്ട കടമ സർക്കാർ നിർവഹിക്കുമ്പോൾ അതിനെതിരെയുണ്ടാകുന്ന പ്രചാരണങ്ങളെ ശാസ്‌ത്രപ്രവർത്തകർ തുറന്നുകാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.