ഓരോ മേഖലയിലും വികസനം വരും; ജനങ്ങൾ വികസനത്തിന്റെ സ്വാദ് ആസ്വദിക്കും: മുഖ്യമന്ത്രി

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം മുന്നോട്ടുവച്ച മാതൃക പിന്തുടരാനാണ് രാജ്യം ഒരുങ്ങുന്നതെന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കൊല്ലത്തെ കേന്ദ്രബജറ്റ് പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും അദ്ദേ​​ഹം പറഞ്ഞു. ഇല്ലായ്മയുടെ പര്യായമായിരുന്നു പൊതുവിദ്യാലയങ്ങൾ ഇന്ന് മാറി. ഓരോ മേഖലയിലും വികസനം വരുമെന്നും, ജനങ്ങൾ വികസനത്തിന്റെ സ്വാദ് ആസ്വദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ 75 സ്‌കൂള്‍ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനാഗമ മാർഗത്തിനാണ് കിഫ്‌ബി യാഥാർഥ്യമാക്കിയത്. കിഫ്ബി 50,000 കോടിരൂപയുടെ പശ്ചാത്തല സൗകര്യ വര്‍ദ്ധനവിന് ഉപകരിക്കും എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാൽ രൂക്ഷ വിമർശനമാണ് അന്ന് ഉയർന്നത്. 62,500 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി മുഖേന സ‍ർക്കാരിന് സഹായം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ലെ എൽഡിഎഫ് പ്രകടന പത്രികയിൽ പൊതു വിദ്യാഭ്യാസരം​ഗം മെച്ചപ്പെടുത്തുമെന്ന് എന്നത് പ്രധാന വാ​ഗ്ദാനങ്ങളിൽ ഒന്നായിരുന്നു. വോട്ട് സമ്പാദിക്കാനുള്ള വാ​ഗ്ദാനം മാത്രമാണെന്ന പ്രചാരണവും ഉണ്ടായി. ഒന്നു പറയുകയും, മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുന്നണിയല്ല എല്‍ഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു.ആറ് വർഷങ്ങൾക്കിപ്പുറം മികവിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങൾ മാറി. കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് 10,48000 കുട്ടികളുടെ വര്‍ധനവ് പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നടപ്പിലാക്കാന്‍ കഴിയുന്നത് മാത്രമേ ജനങ്ങളോട് പറയൂ. എന്താണ് പറയുന്നത് അതേ പ്രവര്‍ത്തിക്കൂ. അസാധ്യമെന്നു കരുതിയ പലതും പ്രാവര്‍ത്തികമാക്കുന്ന കാഴ്ചയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം സർവതല സ്പർശിയും സാമൂഹ്യനീതിയിലധിഷ്ഠിതവുമായിരിക്കും. അതിന് കക്ഷി രാഷ്ട്രീയമില്ല. ഇതെല്ലാം ഇന്നുള്ളവർക്ക് മാത്രമല്ല നാളേക്കും കൂടിയുള്ളതാണ്" മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നവരാണ്. എന്നാൽ നാട്ടിലെ എല്ലാ നല്ലകാര്യങ്ങളെയും എതിര്‍ക്കുന്നവരാണ് ചിലരെന്നും പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു.

30-May-2022