ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തയാള്‍ പിടിയില്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തയാള്‍ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ലത്തീഫ് മുസ്ലിം ലീഗ് അനുഭാവിയെന്നാണ് പൊലീസ് പറയുന്നത്.

കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തൃക്കാക്കരയില്‍ അഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു അബ്ദുള്‍ ലത്തീഫ്. ഇതിന് വേണ്ടി വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്തു. ഫേസ്ബുക്ക് വഴി ഈ ദൃശ്യം അപ് ലോ‍ഡ് ചെയ്തതും അബ്ദുള്‍ ലത്തീഫ് തന്നെയാണെന്ന സംശയമുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുന്‍ എംഎല്‍എ എം.സ്വരാജ് നല്‍കിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.

31-May-2022