സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂൺ 10ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്‍ററി പരീക്ഷ ഫലം 12നും പ്രസിദ്ധീകരിക്കും.കോവിഡ് പ്രതിസന്ധി അകലുന്നതിനിടെ കുട്ടികൾ വീണ്ടും സ്കൂളിലേക്ക് മടങ്ങുകയാണ്.

നാളെ (ജൂൺ 1) ആണ് പ്രവേശനോത്സവം. സംസ്ഥാനത്തെ12986 സ്‌കൂളുകളിൽ നാളെ പ്രവേശനോത്സവം നടക്കും. രാവിലെ 9 മണിക്കായിരിക്കും പ്രവേശനോത്സവം ഉദ്‌ഘാടനം നടക്കുക.കോവിഡ് പൂർണ്ണമായി ഒഴിഞ്ഞുപോകാത്തതിനാൽ വിദ്യാർത്ഥികൾ എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ വർഷം സ്‌കൂൾ കലോത്സവം, കായികമേള, പ്രവർത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താൻ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കായി 2 കോടിയും അനുവദിച്ചു. കൈറ്റ്, വിക്ടേഴ്‌സ്ന് 11 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. വിക്ടേഴ്സിന് രണ്ടാം ചാനൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

31-May-2022