തൃക്കാക്കരയിലെ മികച്ച പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാവും: കോടിയേരി ബാലകൃഷ്ണൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാവുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുഴുവന്‍ വോട്ടും പോള്‍ ചെയ്തിരുന്നില്ല. ഇത്തവണ എല്ലാവരും പോളിംഗ് ബൂത്തിലെത്തുമെന്നും കോടിയേരി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് കാണുമ്പോള്‍ ഏത് നികൃഷ്ടമായ മാര്‍ഗവും യുഡിഎഫ് സ്വീകരിക്കുമെന്നതിന്റ ഒടുവിലത്തെ ഉദാഹരണമാണ് വ്യാജ അശ്ലീല വീഡിയോ തയാറാക്കി പ്രചരിപ്പിച്ചത്. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത ആളെ കണ്ടെത്തിയത് പോലെ ഇതില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ചില ബന്ധങ്ങളുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നതാണെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പോവുന്ന സ്ഥിതിയുണ്ടായി. എങ്ങനെയാവും ഇത് വോട്ടിങ്ങില്‍ പ്രതിഫലിക്കുകയെന്നത് കണ്ടറിയേണ്ട കാര്യമാണെന്നും കോണ്‍ഗ്രസ്-ബിജെപി ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

31-May-2022