തൃക്കാക്കരയിൽ ജോ ജോസഫിന്റെ വിജയം ഉറപ്പാണെന്ന് കെ വി തോമസ്

പരാജയഭീതിപൂണ്ട കോൺ​ഗ്രസുകാർ സോസ്റഷ്യൽ മീഡിയയിൽ കള്ള പോസ്റ്റിടുന്നത് ലജ്ജാകരമാണെന്ന് കെ വി തോമസ് . താൻ സിപിഎമ്മിന്റെ കുഴിയിൽ പെട്ടുപോയി എന്ന ചിത്രമടക്കം ഉൾപ്പെടുത്തിയുള്ള പ്രചാരണമാണ് വ്യാജമാണെന്ന് കെ വി തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ജനങ്ങൾ കൂട്ടത്തോടു കൂടി വന്ന് വോട്ട് ചെയ്യുമ്പോൾ കോൺഗ്രസുകാരുടെ ഹൃദയമിടിപ്പാണ് കൂടുന്നത്. വൃക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷത്തോടും സിപിഎമ്മിനോടുമൊപ്പം നിൽക്കുന്നതെന്നും കെ വി തോമസ് കുറിച്ചു.

തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രേരിതമായി ധാരാളം നുണകൾ പറയാറുണ്ട്. എന്നാൽ, സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് കളവ് പറയുന്നതും കഥകൾ പ്രചരിപ്പിക്കുന്നതും നല്ലതല്ല. ഡോ. ജോ ജോസഫിനെയും കുടുംബത്തെയും മന:പൂർവ്വം ആക്ഷേപിച്ചവർ തന്നെയാണ് തനിക്കെതിരായ വാർത്തകളും പ്രചരിപ്പിക്കുന്നത്.

എട്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ രീതികൾ പഠിപ്പിക്കേണ്ട. താൻ ഡോ. ജോ ജോസഫിന് വേണ്ടി പരസ്യമായും നേരിട്ടും തൃക്കാകര വോട്ടർമാരെ ബന്ധപ്പെട്ടിട്ടുള്ളതാണ്. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഡോ. ജോ ജോസഫിനെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും കെ വി തോമസ് പറഞ്ഞു.

31-May-2022