തൊഴിൽ ദായക സംരംഭങ്ങൾ ആരംഭിക്കുന്നവരുടെ വരുമാനം പരിഗണിക്കാതെ ധനസഹായം നൽകും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
അഡ്മിൻ
പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്-നഗരസഭാ വാർഷിക പദ്ധതികളിൽ നൽകാവുന്ന സബ്സിഡി മാര്‍ഗരേഖ തയ്യാറായതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്ഥാപനതലത്തിൽ പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകുന്നതാണ് ധനസഹായ നിർദ്ദേശങ്ങൾ. സബ്സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുകയും ചെയ്തു.
തൊഴിൽ ദായക സംരംഭങ്ങൾ ആരംഭിക്കുന്നവരുടെ വരുമാനം പരിഗണിക്കാതെ ധനസഹായം നൽകും. സ്വയം തൊഴിൽ സംരംഭക പ്രൊജക്ടുകൾക്ക് ആനുകൂല്യം നൽകുന്നതിന്, സംരംഭകന്റെ വാർഷിക വരുമാന പരിധി അഞ്ച് ലക്ഷമായി ഉയർത്തി. പ്രാദേശികമായി സൃഷ്ടിക്കപ്പെടുന്ന പ്രത്യക്ഷ തൊഴിലുകൾ ലക്ഷ്യമിട്ട് സംരംഭകർക്ക് പലിശ സബ്സീഡി, ടെക്നോളജി കൈമാറ്റ ഫണ്ട്, ടെക്നോളജി അപ്ഗ്രഡേഷൻ ഫണ്ട്, ഇന്നവേഷൻ ഫണ്ട്, ക്രൈസിസ് മാനേജ്‌മന്റ് ഫണ്ട്, പുനരുജ്ജീവന ഫണ്ട്, ഇൻക്യുബേഷൻ ഫണ്ട്, സീഡ് സപ്പോർട്ട് ഫണ്ട് തുടങ്ങിയ നൂതന ആശയങ്ങളാണ് സബ്സീഡി മാർഗരേഖയിലുള്ളത്.
അർഹരായവർക്ക് തൊഴിലും വരുമാനവും നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നൽകുന്നതിന് ധനസഹായവും നൽകും. മൈക്രോ സംരംഭങ്ങൾ തുടങ്ങുന്നതിന് കുറഞ്ഞത് രണ്ട് പേരെങ്കിലുമുള്ള സംഘങ്ങൾക്ക് സബ്സീഡി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും.
വൃക്ക രോഗികള്‍ക്ക് ആഴ്ചയില്‍ 1000 രൂപ ക്രമത്തില്‍ എല്ലാ മാസവും 4000 രൂപ നല്‍കുന്നതിന് അനുമതി നല്‍കി.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ശാരീരിക - മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിന് വരുമാന പരിധിയില്ല. ബഡ്സ് സ്കൂള്‍ സ്പെഷ്യല്‍ ടീച്ചര്‍, അസിസ്റ്റന്റ് ടീച്ചര്‍, ആയ, ഊരുകൂട്ട വോളണ്ടിയര്‍മാര്‍ മുതലായവരുടെ വേതനം വര്‍ദ്ധിപ്പിച്ചു. വയോജനങ്ങള്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കും. വിദ്യാര്‍ത്ഥികളടക്കമുള്ള ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും ബത്തയും നല്‍കുന്നതിനും തീരുമാനിച്ചു. പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് വരുമാന പരിധി പരിഗണിക്കാതെ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കും.
വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി പൊതുവിഭാഗത്തിന് രണ്ട് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്ന് ലക്ഷം രൂപയുമായിരിക്കും. വരുമാന പരിധി പരിഗണിക്കാതെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പാക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും ജോലി നേടുന്നതിനായുള്ള പ്രവൃത്തി പരിചയം കരസ്ഥമാക്കുന്നതിന് സ്റ്റൈപ്പന്റ് നല്‍കിക്കൊണ്ട് പരിശീലനത്തിനുള്ള നിര്‍ദ്ദേശവും ഉത്തരവിലുണ്ട്.
പതിനാലാം പദ്ധതി നവകേരള സൃഷ്ടിക്കായി ശുചിത്വ-മാലിന്യ സംസ്കരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കും. ഖരമാലിന്യ സംസ്കരണത്തോടൊപ്പം ദ്രവമാലിന്യ സംസ്കരണത്തിനും കൂടുതല്‍ ധനസഹായം ഉറപ്പാക്കും. വരുമാന പരിധി ബാധകമാക്കാതെ ഗാര്‍ഹിക ഖരമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ എല്ലാവര്‍ക്കും സബ്സിഡി നല്‍കും. മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനുള്ള സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഈ വര്‍ഷം തന്നെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമാക്കും. സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്നതിനും വരുമാന പരിധിയില്ലാതെ തന്നെ എല്ലാവര്‍ക്കും സഹായം നല്‍കും.
കൃഷിയുമായി ബന്ധപ്പെട്ട മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അധിഷ്ഠിതമാക്കിയുള്ള സംരംഭങ്ങൾ, സംഭരണകേന്ദ്രങ്ങൾ, വിപണന സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം ലഭിക്കും. കാർഷിക മേഖലയിൽ ചെറുകിട നാമമാത്ര കർഷകർക്ക് വരുമാന പരിധി പരിഗണിക്കാതെ കൃഷിക്ക് സബ്സീഡി നൽകും. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യം എന്നീ മേഖലകളിലെ ഉത്പാദന പ്രൊജക്ടുകൾക്ക് സബ്‌സീഡി ആനുകൂല്യം നൽകുന്നതിനുള്ള കുടുംബ വാർഷിക പരിധി അഞ്ച് ലക്ഷം രൂപയായിരിക്കും.
കേരളത്തിന്റെ സുസ്ഥിരമായ വികസനമാണ് പതിനാലാം പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള പ്രാദേശിക സാമ്പത്തികവികസനത്തിനാണ് ഇനി പ്രാധാന്യം നൽകുക. സാമൂഹ്യ വികസനരംഗത്ത് നാം ആർജ്ജിച്ച നേട്ടങ്ങൾ തുടരുന്നതിനും സുസ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും ഊന്നൽ നൽകി പ്രവർത്തിക്കും. ഇതിനായി സമ്പദ് വ്യവസ്ഥയെ വിജ്ഞാനാധിഷ്ഠിതമായി വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആവിഷ്കരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് പതിനാലാം പഞ്ചവൽസര പദ്ധതി സുപ്രധാന പരിഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
31-May-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ