കോൺഗ്രസിന് രാജ്യസഭാ തിരഞ്ഞെടുപ്പിലും റിസോര്‍ട്ട് രാഷ്ട്രീയം സജീവം

ഈ മാസം 10 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ (Rajya Sabha election) ബിജെപി (BJP) കുതിരകച്ചവടവും ക്രോസ് വോട്ടിംഗും നടത്തിയേക്കുമെന്ന് ഭയന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് (Congress) നേതൃത്വം. കുതിരകച്ചവടം ഭയന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് എം എല്‍ എമാരെ ഉദയ്പൂരിലെ ഹോട്ടലിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചു.

കോണ്‍ഗ്രസ് എംഎല്‍എമാരെ ഉദയ്പൂരിലെ ആരവലി റിസോര്‍ട്ടിലേക്ക് കൊണ്ടുപോകും. ജയ്പൂരിലെ ക്ലാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പരിശീലന ക്യാമ്പ് അവസാനിച്ചതിന് ശേഷമാകും എംഎല്‍എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റുക. കൂടാതെ, സ്വതന്ത്ര നിയമസഭാംഗങ്ങളെയും മറ്റ് പാര്‍ട്ടികളിലുള്ള ഭരണകക്ഷിയെ പിന്തുണയ്ക്കുന്നവരെയും ഉദയ്പൂരിലേക്ക് മാറ്റാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

ജയ്സാല്‍മീറിലെ സൂര്യഗഡില്‍ 40 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും ജയ്പൂരിലേക്ക് കൊണ്ടുവരും. ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഹരിയാനയില്‍ നിന്നാണ് മത്സരിക്കുന്നത്. മാക്കന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം നേരിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

02-Jun-2022